Tuesday, July 12, 2011

കണ്ണകി

അളകനന്ദ
കഥ...... ...ടി.സി.വി.സതീശന്‍

സ്വര്‍ണ്ണ നിറത്തിലുള്ള നാരുകള്‍ കൊണ്ടുണ്ടാക്കിയ മുടിയുള്ള പാവക്കുട്ടിയെ അളകനന്ദ മടിയിലെടുത്തു വെച്ചു.. പാവകളെയെല്ലാം അവള്‍ക്കിഷ്ടമാണ്. എന്നാലും .. ഇതിനോട് ഒരു പ്രത്യേക മമത . പൂച്ചക്കണ്ണുകള്‍ , മുഖത്തെ നിഷ്കളങ്കത . ഇതിലേതെങ്കിലുമായിരിക്കണം ഇഷ്ടക്കൂടുതല്‍ ഉണ്ടാക്കുവാന്‍ കാരണം.

ചെറുപ്പത്തില്‍ തന്റെ ശരീരത്തിന്റെ കറുപ്പ് അവളെ വല്ലാതെ അസ്വസ്ഥയാക്കിയിട്ടുണ്ട് . വെളുത്ത നിറമുള്ള മറ്റു പെണ്‍കുട്ടികളോട് അവള്‍ക്കു എന്നും അസൂയയാണ്. കണ്ണാടിയുടെ മുന്നില്‍ മണിക്കൂറുകളോളം അവള്‍ ചിലവിടാറുണ്ട് . മുഖം വെളുപ്പിക്കാനുള്ള ക്രീമുകള്‍ തേച്ചു , അറിയാവുന്ന മുറിവൈദ്യങ്ങളുടെയും സൌന്ദര്യലേപങ്ങളുടെയും പരീക്ഷണ ഭൂമികയായി അവളുടെ മുഖം .

കാക്ക കുളിച്ചാല്‍ കൊക്കാകുമോ ..? കൂട്ടുകാരികളില്‍ ചിലര്‍ കാതുകള്‍ കാതുകളായി കൈമാറിയ സ്വകാര്യം അവളുടെ ചെവിയിലുമെത്തി. അളകനന്ദയെ അത് വല്ലാതെ തളര്‍ത്തി. രണ്ടു ദിവസം ജലപാനം പോലും കഴിക്കാതെ മുറിയടച്ചവള്‍ കരഞ്ഞു തീര്‍ത്തു . ഹോസ്റ്റലില്‍ കൂട്ടുകാരോടുള്ള സഹവാസം കുറഞ്ഞു. കളിയും ചിരിയുമില്ലാതെ ഏതാണ്ട് മൌനിയായി. ഏകാന്തതയെ അവള്‍ ആഘോഷിച്ചു .
പെണ്‍ കൂട്ടുകെട്ട് ഇല്ലാതായി . മനസ്സില്‍ വാശി കയറുകയാണ്... കോളേജിലെ ഏറ്റവും വെളുത്ത നിറമുള്ള സുന്ദരനെ പ്രേമിക്കണം , ഇവളുമാരുടെ മുന്നിലൂടെ അവന്റെ കയ്യും പിടിച്ചു വിലസണം . അങ്ങിനെ അവള്‍ അഖിലന്റെ പിന്നാലെ കൂടി .എങ്ങിനെയെങ്കിലും അവനെ വീഴ്ത്തണം അതു മാത്രമായി അവളുടെ ചിന്ത . അതില്‍ അവള്‍ വിജയിച്ചു ,അഖിലന്‍ അവളുടെതായി .

പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹറിന് കീഴില്‍ അവര്‍ പുതിയ പ്രണയ വര്‍ണ്ണങ്ങള്‍ രചിച്ചു .പുതിയ അക്ഷരങ്ങള്‍ പുതിയ വാക്കുകള്‍ അവരുടെ നാക്കില്‍ നിന്നും ശരീരത്തില്‍ നിന്നും ഉതിര്‍ന്നു വീണു. വസന്തം വര്‍ഷത്തിനു വഴിമാറി കൊടുത്തു. ക്ലാസ്സു കഴിഞ്ഞു. കോളേജു അടച്ചു .

ഇളങ്കോവന്റെ ചിലപ്പതികാരത്തിന്റെ ഒരു കോപ്പി അഖിലന്‍ അവള്‍ക്കു പ്രണയ സമ്മാനമായി നല്‍കി . കണ്ണകിയായിരിക്കണം നീ എന്നൊരുപദേശവും .

വീട്ടില്‍ തിരിച്ചെത്തിയ അവള്‍ തന്റെ മുറിയുടെ കതകിന്റെ താഴുകളിട്ട് ചിലപ്പതികാരത്തില്‍ പ്രണയാതുരമായി ചുംബിച്ചു. അഖിലിന്റെ മണമവളുടെ മസ്തകത്തിലേക്ക് അരിച്ചു കയറി. റോസുകള്‍ മാത്രം വിരിയുന്ന ആ പൂന്തോട്ടത്തില്‍ അവളേറെ നേരം നിന്നു . മൃദുവായ തന്റെ കൈവിലുകള്‍ കൊണ്ട് അവള്‍ പുസ്തകത്തിന്റെ താളുകള്‍ മറിച്ചു . കാവേരി പൂമ്പട്ടണത്തെ മനസ്സിലെക്കാവാഹിച്ചു . അവള്‍ അതി സുന്ദരിയായ കണ്ണകിയായി . സുന്ദര കോമളന്‍ കോവലന്റെ വിരിനെഞ്ചില്‍ തല ചായ് ച്ചു.തന്റെ വിരല്‍ ചുണ്ടോടടുപ്പിച്ചു അവള്‍ മധുരം നുകര്‍ന്നു .

പേജുകള്‍ പതിയെ മറിച്ചു. ശൃംഗാരത്തിന്റെ ലാസ്യ താളം ചവിട്ടുന്ന മാധവിയിലേക്ക് .. അവളാല്‍ വശീകരിക്കപ്പെടുന്ന കോവലനിലേക്ക്... അളകനന്ദയുടെ കണ്ണുകള്‍ നിറഞ്ഞു. ഇല്ല , വായിച്ചിടത്തോളം മതി .. അവള്‍ പുസ്തകം അടച്ചു വെച്ചു . അഖിലിനു കോവലന്റെ മുഖം . അതവളെ വേദനിപ്പിച്ചു.

കോവലന്‍ ആട്ടു കട്ടിലിരുന്നു മാധവിയുടെ നൃത്തം കാണുകയാണ് .അവളുടെ മാദകത്വം ലാസ്യത്തിന്റെ പുതിയ വര്‍ണ്ണങ്ങള്‍ രചിക്കുകയാണപ്പോള്‍ . പദമുദ്രകള്‍ തന്നെ മാടി വിളിക്കുന്നതു പോലെ , കണ്ണുകളുടെ ദ്രുത ചലനം അവനെ ആവേശഭരിതതനാക്കി . അവന്‍ അവളെ തന്നെ നോക്കിയിരുന്നു ,അവളുടെ അംഗ ലാവണ്യത്തെ ...ചടുലമായ അവളുടെ ചുവടുവെപ്പുകള്‍ അവന്റെ സിരകളെ ഉണര്‍ത്തി.

ലാസ്യത്തിനും ശ്രുംഗാരത്തിനുമിടയിലുള്ള ഇടവേളകളിവിടെയോ അവന്റെ കവിളില്‍ അവള്‍ മുത്തമിട്ടു. ഇരുകൈകള്‍ കൊണ്ടവന്‍ അവളെ നെഞ്ചിലേക്കമര്‍ത്തി . പുറത്തു പെയ്തിറങ്ങുന്ന മഴയുടെ താളത്തിനൊത്ത് അവര്‍ രതിയുടെ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് നടന്നു നീങ്ങി . വിയര്‍പ്പുകള്‍ പൊടിഞ്ഞ ആലസ്യത്തിന്റെ വേളയില്‍ അവന്‍ തന്റെ വിരലിലണിഞ്ഞ രത്ന മോതിരം അവള്‍ക്കു സമ്മാനിച്ചു . അത് കണ്ണകി അവനു സമ്മാനിച്ചതാണ്‌ .

അളകനന്ദ അഖിലനെ കുറിച്ച് ആലോചിച്ചു. അവന്റെ മനസ്സില്‍ ശൃംഗാരം ചൊരിയുന്നാതാരാ..?

അവള്‍ തല പുകച്ചു . തനിക്കു വെറുതെ തോന്നിയതായിരിക്കുമോ , അങ്ങിനെതന്നെയാവട്ടെ എന്നവള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു .

ചിലപ്പതികാരത്തിന്റെ കോപ്പി പ്രണയ സമ്മാനമായി തന്നതും കണ്ണകിയായിരിക്കണം നീ എന്നുപറഞ്ഞതും പിന്നെന്തിനായിരിക്കണം ?

അപ്പോള്‍ കണ്ട അവന്റെ മുഖം ,പതിവ് തമാശകളിലേതു പോലെ ആയിരുന്നില്ലല്ലോ . പുസ്തകം മടക്കി വെച്ചു വീണ്ടും അവള്‍ ചിന്തകളുടെ ആഴത്തിലേക്ക് ഊര്‍ന്നിറങ്ങി.

എല്ലാം നഷ്ടപ്പെടുത്തി തന്റെ അടുക്കല്‍ തിരിച്ചെത്തിയ കോവലനോട് കണ്ണകിയ്ക്ക് തോന്നിയത് സഹതാപമല്ല , സ്നേഹമാണ്. പരിശുദ്ധമായ സ്നേഹം . അവനു വേണ്ടി വീണ്ടും എല്ലാം ത്യജിക്കാന്‍ അവള്‍ തയ്യാറായിരുന്നു. പതിവൃതയായ തന്റെ ശാപത്താല്‍ കത്തിയെരിയുന്ന മധുര . അയാള്‍ക്കെതിരെയുള്ള ഒരു അപവാദത്തെയും വകവെച്ചു കൊടുക്കുവാന്‍ തയ്യാറല്ലാത്ത അവളുടെ മനസ്സ് .

അരണ്ട വെളിച്ചത്തില്‍ മരിയയുടെ ഉടയാടകള്‍ ഒന്നൊന്നായി അഴിഞ്ഞു വീണു .അഖിലന് വേണ്ടി അവള്‍ സീല്‍ക്കാരങ്ങള്‍ പൊഴിച്ചു . ദ്രുത ചലനങ്ങള്ക്കൊത്ത് വെളിച്ചം വര്‍ണ്ണമായി വിടര്‍ന്നു. അവന്റെ ആസക്തിയെ അവള്‍ തന്റെ യോനീമുഖത്തേക്ക്‌ ആനയിച്ചു . അനന്തരം അവന്റെ മടിശ്ശീല അഴിച്ചെടുത്തു. സുരതത്തിന്റെ പുതിയ പാഠങ്ങള്‍ അവനെ പഠിപ്പിച്ചു .
ഒഴിഞ്ഞ ഷാമ്പെയിന്‍ കുപ്പികള്‍ക്ക് മുന്നില്‍ അഖിലന്‍ മുഖം കുനിച്ചിരുന്നു .
കോവലന്റെ മാധവിയില്‍ നിന്നും മരിയയിലെക്കുള്ള ദൂരമളന്ന് . കൊട്ടാര നര്ത്തകിയില്‍ നിന്ന് പോര്‍ണോ ഡാന്‍സറിലേക്കുള്ള അകലമറിയുന്നതിനായി ..
ചടുല താളത്തില്‍ തുളുമ്പി നിന്ന നിറഞ്ഞ മാധവിയുടെ മാദകത്വത്തില്‍ നിന്ന് നീണ്ടു മെലിഞ്ഞ മരിയയുടെ ശരീരത്തിന്റെ അഗ്നിയറിയുന്നതിനായി ,
അതിന്റെ രസതന്ത്രത്തെ കുറിച്ചോര്‍ത്ത്..അവനിരുന്നു.

മരിയ ഫെര്‍ണാണ്ടസ്സിനു ആഖിലന്‍ കേവലമൊരു ഇര മാത്രമാണ് . ആസക്തിയുടെ ആര്‍ത്തിയില്‍ അഴിച്ചെടുക്കേണ്ടുന്ന ഒരു മടിശ്ശീല മാത്രം .
അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്ക് അവള്‍ ഒഴുക്കി .. കാമാര്‍ത്തരുടെ പുതിയ കൂട്ടങ്ങള്‍ തേടി.. അവള്‍ സീല്‍ക്കാരങ്ങള്‍ പൊഴിച്ചു .
അവര്‍ക്കായി അവളുടെ വസ്ത്രങ്ങള്‍ അഴിഞ്ഞു വീണു .
കനം കുറഞ്ഞ മടിശ്ശീല അഖിലനെ തളര്‍ത്തി. ആസുരതകളില്‍ നിന്നും ആലസ്യത്തിലേക്ക്‌ അവന്‍ വഴുതിവീണു .
കയ്യെത്താ ദൂരത്തിനപ്പുറമുള്ള ഒരു പകല്‍ കാഴ്ചയായി അവനു മരിയ മാറി . ഫിനിക്സ് പക്ഷിയെ പോലെ അവള്‍ പറന്നകന്നു.

താന്‍ പെഴച്ചിരിക്കുന്നു .. ആഖിലന്‍ പരിതപിച്ചു .
അവന്‍ അളകനന്ദയെ കുറിച്ചോര്‍ത്തു . കാമ്പസ്സിനെയും ഗുല്‍മോഹറിന്റെ പൂക്കളെയും ഓര്‍ത്തു .
കളങ്കിതമായ ആ മനസ്സില്‍ കുറ്റബോധം നിറഞ്ഞു . പാപജലം കൊണ്ട് തന്റെ ഉടല്‍ വീര്‍ക്കുകയും ശരീരം ചീഞ്ഞളിയുന്നതുമായി അവനു തോന്നി. പഴുത്ത കുരിപ്പുകള്‍ അവനില്‍ അസ്വസ്ഥതയുണ്ടാക്കി . വേദന കൊണ്ട് അവന്‍ പുളഞ്ഞു .

അളകനന്ദയോട് തെറ്റുകള്‍ ഏറ്റു പറയണം , അവള്‍ പൊറുക്കാതിരിക്കില്ല .
ഉത്തരത്തില്‍ നിന്നും ചിലച്ച ഗൌളി അവനില്‍ ആത്മവിശ്വാസമുണ്ടാക്കി .

പാതി മയക്കത്തില്‍ നിന്നും ഞെട്ടിയുണര്ന്നപ്പോള്‍ ആഖിലന്‍ സാഷ്ടാംഗം തന്റെ കാലില്‍ വീണിരിക്കുന്നു . അളകനന്ദ ചിരിച്ചു .
അവന്റെ കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണീര്‍ അവളുടെ കാല്‍പാദങ്ങളെ നനച്ചു .പാപിയായ അവന്‍ കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു . ദയയ്ക്കായി തളര്‍ന്ന കണ്ണുകള്‍ അവളെ നോക്കി .
കുരിപ്പുകള്‍ പഴുത്ത അവന്റെ മുഖം അവളില്‍ കൂടുതല്‍ വെറുപ്പുണ്ടാക്കി.

ഇത് കണ്ണകിയല്ല ... അളകനന്ദയാണ് .
തനിക്ക് വേണ്ടി നഷ്ടപ്പെടുത്താന്‍ രത്നങ്ങള്‍ നിറച്ച കാല്‍ ചിലമ്പുകള്‍ ഇല്ല .. തന്റെ പാപം കഴുകി കളയാന്‍ മധുരാപുരി വരെ വരാന്‍ അളകനന്ദ തയ്യാറുമല്ല .
അഖിലന്‍ ആകാശത്തേക്ക് നോക്കി ഉറക്കെ കരഞ്ഞു . അഴുകിയ കുരിപ്പുകള്‍ അവന്റെ ശരീരത്തില്‍ കുടുതല്‍ വേദനകളെ ഉണ്ടാക്കി .

കാമാര്‍ത്തനായ നീ ഹൃദയത്തെ ഇല്ലാതാക്കി ..
ദയ ഒരു ദാനമാണ് , അത് താന്‍ അര്‍ഹിക്കുന്നില്ല . കുരിപ്പുകള്‍ പൊന്തിയ മുഖവുമായി സ്വയം ഇല്ലാതാവുക .. അത് നിന്റെ വിധി .
അളകനന്ദ സ്വരമുയര്‍ത്തി പറഞ്ഞു .
അയഥാര്‍ത്ഥമായ പട്ടുനൂലുകള്‍ കൊണ്ടുനെയ്ത ഒരു ത്യാഗജീവിതം ഞാനിഷ്ടപ്പെടുന്നില്ല.
ഉള്ളത് ഒരു ജീവിതം മാത്രം .
അത് കൊണ്ട് അഖിലാ തനിക്കു പോകാം ... എന്നന്നേക്കുമായി .